ഒരു പ്രണയകാലത്തിന്റെ ഓര്‍മ്മയ്ക്ക്.

പ്രിയേ,
ഞാനവരെ വീണ്ടും കണ്ടു...
ഒരു സ്വപ്നത്തില്‍!

എന്തോ സംഭവിക്കന്‍ പോകുന്ന ഒരാകാംക്ഷ...
ഒരു കടലിരമ്പം...എന്നെ പൊതിഞ്ഞു നിന്നു.

നിനക്കറിയില്ല...
സ്വപ്നങ്ങള്‍ക്ക് അഗ്നിചിറകുകളുണ്ടായിരുന്ന,
ചുവരെഴുത്തുകള്‍ക്ക് രക്തഗന്ധമായിരുന്ന,
മൗനത്തിന്‌ അറബിക്കടലോളം ആഴമുണ്ടായിരുന്ന
ആശകള്‍ക്ക് ബൊളീവിയന്‍ കാടുകളോളം വ്യാപ്തിയുണ്ടായിരുന്ന
ആ പ്രണയകാലത്തെപ്പറ്റി.

കരിപുരണ്ട ഓര്‍മ്മച്ചിത്രങ്ങള്‍ക്ക്
അത്ര മാര്‍ദ്ദവമുണ്ടായിരിക്കില്ല...

പ്രശാന്തമായ പുലരികളിലും
തേക്കുപാട്ടു കേട്ടുറങ്ങുന്ന രാവുകളിലും
അപ്രാപ്യമായ ഒരു സ്വര്‍ഗത്തെപറ്റി
സ്വപ്നം കണ്ടിരുന്നവര്‍...

വ്രണിതമായ കാലത്തിന്റെ നെഞ്ചില്‍
പതറാത്ത കാലുറപ്പിച്ചവര്‍...

ക്ഷുദ്ര സംസ്കാരിക മുദ്രകള്‍ക്കെതിരെ
പ്രതിരോധം ചമച്ചവര്‍...

പ്രതിരോധത്തിന്റെ പാടവരമ്പുകളില്‍
ജീവിതം പച്ചയ്ക്കു ഹോമിച്ചവര്‍...

സ്നേഹത്തിന്റെ നാളേയിലേക്ക്
ഊഷ്മളമായ ഊര്‍ജ്ജപ്രവാഹമായവര്‍...

മേലാളര്‍ക്ക് അനഭിമതരായവര്‍...
കൂട്ടം തെറ്റി മേഞ്ഞവര്‍...
നാളേയുടെ വസന്തത്തെ പ്രണയിച്ചവര്‍!

അതിന്റെ ഓര്‍മ്മപോലും
എന്നെ പൊള്ളിക്കുന്നു...

...................

ഉണരാന്‍ വൈകിപ്പോയി
ഞാന്‍ ഓടിയെത്തുമ്പോഴേക്കും
അവരെല്ലാം പൊയ്മറഞ്ഞിരുന്നു.

തെരുവില്‍...
ബയണറ്റ് കൊണ്ട് വിണ്ടുകീറിയ
കാല്പാദത്തില്‍ നിന്നിറ്റുവീണ
ചോരപ്പാടുകള്‍ മാത്രം ബാക്കി.

പ്രിയേ, നീ ആരായിരുന്നു?

പ്രിയേ,
നീ ആരായിരുന്നു?

പ്രണയത്തിന്റെ പ്രതിഫലം അപമാനമെന്നറിഞ്ഞപ്പോള്‍
നീ ശൂര്‍പ്പണഖയായിരുന്നു

പ്രണയത്തിന്റെ പരിണാമം മരണമെന്നറിഞ്ഞപ്പോള്‍
താടകയെന്നായിരുന്നു നിന്റെ പേര്‌

ദൈവങ്ങള്‍ എത്ര ദയാലുക്കള്‍!
ദീര്‍ഘസുമഗലം പ്രര്‍ത്ഥിച്ചപ്പോള്‍;
അഞ്ചു പുരുഷന്മാരുടെ കാമം
വരദാനമായി കിട്ടിയവള്‍‌ - നീ പാഞ്ചാലി!

പ്രണയം വിവേചിച്ചറിയാനാകാതെ
ട്രോയിയിലെ പുകയുന്ന പറുദീസയില്‍ നീ 'ഹെലനായിരുന്നു'

ഒരിക്കല്‍ നിന്റെ പേര്‌ 'സോഫോ' എന്നായിരുന്നു
അവ്യക്തത മൂടല്‍മഞ്ഞു വീഴ്ത്തിയ വഴിത്താരകളില്‍
നീ സഫലമാകാത്ത പ്രണയത്തെപറ്റി പാടി നടന്നു.

പ്രണയം ചുണ്ടിലൊളിപ്പിച്ചു നീ
മോണാലിസയായി പുഞ്ച്ചിരിച്ചു

ജീവകോശങ്ങളില്‍ നിറഞ്ഞ
പ്രണയദാഹം നിന്നെ 'അന്നാ കരിനീന'യാക്കി

ലാ എസ്മെറാല്‍ദ യാക്കി...
..................
..................
..........എല്ലാമാക്കി!

പക്ഷെ....
എന്റെ പ്രണയത്തിന്റെ
തംബുരുവില്‍
ഞാന്‍ നിന്നെ
തളച്ചിട്ടിരിക്കുന്നു.

പ്രണയത്തിന്റെ ബാക്കിപത്രം.

അന്ന്....
വെണ്ടുരുത്തിപ്പാലത്തിന്റെ മുകളില്‍നിന്ന്
താഴേക്കു ചാടുമ്പോള്‍
നമ്മുടെ ഉള്ളില്‍ പ്രണയത്തിന്റെ
ഒരു കണികപോലും ബാക്കിയില്ലായിരുന്നു.

മുമ്പ്....
മറക്കാനും, മറയ്ക്കാനുമാവാത്ത വിധം
നിന്നില്‍ വളര്‍ന്ന
എന്റെ പ്രണയാങ്കുരം,
ജില്ലാശുപത്രിയുടെ ഇടനാഴിയില്‍
നിന്റെ കണ്ണില്‍ മിഴിച്ച ഭയം,
എന്റെ മനസ്സിലെ പ്രണയത്തിന്റെ
അവസാന കണികയും തല്ലിക്കെടുത്തി.

അതിനും മുന്‍പ്....
മഞ്ഞ് പുതച്ച മലനിരകളെ പറ്റിയും
പെയ്തിറങ്ങിയ രാത്രി മഴയെ പറ്റിയും
പ്രനയത്തിന്റെ ശവകുടീരത്തില്‍
പ്രിയനെ കാത്തിരുന്ന
രാപ്പാടിയെ പറ്റിയും
ആളൊഴിഞ്ഞ കോവിലിലെ
പാലപ്പൂകൊഴിഞ്ഞുവീണ കല്പ്പടവില്‍
ഓളപ്പാത്തിയില്‍ കാല്‍കുളിര്‍ത്ത്
നാം പരസ്പരം പറഞ്ഞിരുന്നു...
അറിഞ്ഞിരുന്നു.

അതിനും മുന്‍പ്....
(ഒന്നും ഓര്‍ക്കാന്‍ വയ്യ.
ഈ മോര്‍ച്ചറിയിലെ ഗന്ധം ഓര്‍മ്മകളെപ്പോലും മരവിപ്പിക്കുന്നു)

പ്രണയ പര്‍വ്വം

ഞാന്‍ അത്ഭുതങ്ങള്‍ക്ക് കാതോര്‍ക്കുകയാണ്‌...
നിശ്ശബ്ദതയുടെ കന്യാവനങ്ങളില്‍,
കിരാത കരുത്തിന്റെ വനാന്തരഗര്‍ഭത്തില്‍,
മരുപരപ്പിന്റെ സാന്ദ്രമൗനത്തില്‍....

............................
കാലം യമുനപോലെ ഒഴുകി!
............................

പീഡകളുടെ ആണിപ്പഴുതുകളില്‍,
നാഗരിക വ്യഥകളില്‍,
വിപ്ലവത്തിന്റെ കാല്പനികതയില്‍,
സത്യമായ ശൂന്യതയില്‍...
ശാന്തിതീരങ്ങളില്‍....
ഞാന്‍ അത്ഭുതങ്ങള്‍ക്ക് കാതോര്‍ക്കുകയാണ്‌...
മിഴിതുറക്കുകയാണ്‌!

പുതു പുല്‍നാമ്പുകളില്‍...
സമൃദ്ധമായ ഹരിതാഭയില്‍...
കാരമുള്‍ച്ചെടികളെപ്പോലും കുളിര്‍പ്പിക്കുന്ന
മഞ്ഞു കണങ്ങളില്‍...

സംഗീതമായ് പൊഴിയുന്ന രാത്രിമഴയില്‍...
രാപ്പാടികളുടെ വിഷാദ ഗീതികയില്‍...

ഞാന്‍ പ്രണയസ്പര്‍ശമറിയുന്നു...
നിന്നെ അറിയുന്നു.

മായാസീത

കല്‍പ്പടവുകളില്‍ മനസ്സെറിഞ്ഞുടച്ച്‌
കരഞ്ഞു തളര്‍ന്ന നിന്റെ രാവുകള്
ഹേ ദ്രൗപദീ,
ഇപ്പോള് നീ അറിഞ്ഞുതുടങ്ങും:
ഇരുട്ടിലൂടെ നടക്കുമ്പോള് കണ്ണടച്ചു നടക്കണം...
കാട്ടില്‍ നീ പൂര്‍ണ്ണമായും നിഷ്കാസിതയാകണം...
ആഹ്ലാദത്തിന്റെ മുനയൊടിയണം...
അതിരുകള് മായ്ക്കണം...

തോണ്ടയിലുറഞ്ഞ വിലാപത്തിന്റെ
കണികപോലും കേള്ക്കാതെ
നിന്റെ ഗന്ധം പകര്‍ന്നവര്‍...
നിന്റെ മനസ്സിലെ ചില്ലുടഞ്ഞതറിയാതെ
നിന്നെ പങ്കിട്ടെടുത്തവര്‍...
നിന്നെ ഉപേക്ഷിച്ചവര്‍;
സുഖത്തിന്റെ സ്വര്‍ഗഭൂമികള് തേടി
പലായനം ചെയ്തിരിക്കും
കൊടും കാട്ടില്‍ നീ ഏകയായ്‌,
ആര്‍ത്തയായ്‌...

ദ്രൗപദീ...
യുഗങ്ങളും യുഗപാലകരും നിന്നോടു കരുണ കാട്ടിയില്ല
ത്രേതായുഗത്തില്‍ കാനനപര്‍വ്വത്തില്‍
ആര്‍ക്കുവേണ്ടി നീ 'മായാസീതയായ്‌'*?
രാവണ കാരാഗൃ ഹത്തില്‍
നിന്നെ കാത്തിരുന്ന പീഡകള്...
വെന്തുരുകാന്‍ അഗ്നിപരീക്ഷകള്...
രാമന്‍ ദുഃഖിച്ചില്ല!
ആരും !!

ദാനം കിട്ടിയ ഈ ജന്മം പോലും അഭിശപ്തം**
നീ കാതോര്ക്കുക...
ഒരു പദസ്വനത്തിനായി...
എവിടെയോ പൂക്കുന്ന
സൗഗന്ധികത്തിന്റെ
നേര്ത്ത സുഗന്ധത്തിനായ്‌.

*പഞ്ചവടിയിലെ കാനന വാസ സമയത്ത്‌ സീതയുടെ സുരക്ഷയെ കരുതി അഗ്നിദേവന്‍ മായാസീതയെ രാമനു നല്‍കി
രാവണന്‍ തട്ടിക്കൊണ്ടു പോയതും രാമന്‍ രാവണനെ കൊന്നു വീണ്ടെടുത്തതും മായാസീതയെ.
അഗ്നിശുദ്ധിതെളിയിക്കവെ മായാസീത വെന്തുരുകി യഥാര്‍ത്ഥ്സീതാദേവിയെ അഗ്നിദേവന്‍ സുരക്ഷിതയായ്‌ രാമനു നല്‍കിയെന്നു പുരാണം.
**സ്വന്തം അസ്തിത്വം പോലുമില്ലാതെപോയ മായാസീതാ ജന്മത്തിനു പ്രായശ്ചിത്തമത്രേ ദ്രൗപദീയായി അടുത്ത ജന്മം.

നിനക്കോര്‍മ്മയുണ്ടോ? ഇത് ഫാല്‍ഗുനത്തിലെ പഞ്ചമിനാള്


ഫാല്‍ഗുനത്തിലെ പഞ്ചമിനാള്‍ 
നമ്മുടെ വിവാഹദിനം - അന്ന്
കോട്ടയുടെ നെറുകയില്‍ 
വിജയക്കൊടി പാറിച്ച മനസ്സുമായ് നമ്മള്‍
പൊരിവെയിലില്‍ കുളിര്‍ വിരിയിച്ച്, 
കൈകോര്‍ത്തു നിന്നു...

പന്ത്രണ്ടു വര്‍ഷത്തെ കിതപ്പ്... ഇന്ന്;
പ്രധിരോധമയഞ്ഞുതുടങ്ങിയ പ്രായത്തില്‍ ഞാന്‍
'ചോക്ളേറ്റ്' സ്പ്രേയും, 'വലേറോ' വെയറും അണിയുന്നു!

സൗഹൃദ വേദികളില്‍ പൊട്ടിച്ചിരിക്കുന്ന നാം
തനിച്ചാകുമ്പോള്‍ മുഖത്തണിയുന്ന 
ഈര്‍ഷ്യയുടെ നിറച്ചാര്‍ത്ത് 
എവിടെ വച്ചാണ്‌ സ്വന്തമാക്കിയത്...

ഞാന്‍ നിനക്ക് ഗിഫ്റ്റ് തരില്ലായിരിക്കും
നീ എന്നെ ചുംബിക്കില്ലായിരിക്കും
നാം കേക്ക് കട്ട് ചെയ്യില്ലായിരിക്കും, പക്ഷെ
നമുക്ക് പതിവുപോലെ ശണ്ഠകൂടാതിരിക്കാന്‍ ആവില്ലല്ലോ; 
എന്നിട്ട് കുട്ടികളെ വെറുതെ ചീത്തപറയാതിരിക്കാനും.

രാത്രിയില്‍... നീ;
ലോകത്തെ മുഴുവന്‍ പ്രശ്നങ്ങളും തലയിലേറ്റി
വിങ്ങുന്ന നെറ്റിയില്‍ വിക്സ്സുതേക്കുമ്പോള്‍ 
നിന്റെ നൈറ്റിയിലെ 3ബട്ടനുകളെപ്പറ്റി മാത്രം 
ഞാന്‍ ആകാംക്ഷകൊള്ളുന്നു!!

kk/2008 mar 15

വിക്രമാദിത്യനും വേതാളവും


കരാള രാത്രിയിലിരുള്‍മരക്കൊമ്പില്‍ നിന്നും
വേതാളത്തെ തോളിലേറ്റി വിക്രമാദിത്യന്‍!

വേതാളം :
വിലക്കപ്പെട്ട കനിയോട് പാപബോധം!
ദുരന്ത സ്മൃതികളുടെ ശവഘോഷയാത്ര!!
പ്രതീക്ഷയറ്റ മനസ് !!!
എക്സ്പ്ലയിന്‍ പ്ലീസ് ?

വിക്രമാദിത്യന്‍:
'ഇണയുടെ ആലിംഗനത്തിലമരുക'
അല്ലെങ്കില്‍ മതം കുത്തിവയ്ക്കുന്ന
പാപബോധങ്ങളില്‍ നീറുക‌-
അല്ലെങ്കില്‍ ചിറകെട്ടിയടച്ചതൊക്കെ
വൈകൃതങ്ങളിലേക്കൊഴുകും.

'ഋതു ദേവതയെ പ്രണയിക്കുക'
ഇന്നത്തെ ദുരന്തശിശിരത്തിനപ്പുറം
ഒരു വസന്തം വിരിയുമല്ലോ!
പൗര്‍ണ്ണമിയില്‍, പാതിരാവില്‍
നിശാഗന്ധികള്‍ പൂക്കുമല്ലോ!!

'ഓര്‍മ്മകളെ ച്ചേര്‍ത്തു വയ്ക്കുക'
എന്തിന്‍ മറവിയെ ധ്യാനിക്കണം
എല്ലാ ദുരന്തങ്ങളും, ദുഖങ്ങളും ഓര്‍ത്തുവയ്ക്കുക!
അഴലുകളെ ചെര്‍ത്തു വയ്ക്കുക!!
വസന്തത്തിന്റെ ഇടിമുഴക്കം അരികിലല്ലോ!!!

കരാള രാത്രിയിലിരുള്‍മരക്കൊമ്പിലേക്ക് 
വേതാളം പടര്‍ന്നു കയറി.

kk/2008 mar 11

റസൂല്‍ ഞാന്‍ കേട്ടത്...!!!

ഇരുളിന്റെ നേര്‍ത്ത ഇടനാഴിയില്‍ ഒരു തേങല്‍...

തെരുവില്‍ അശരണന്റെ വിലാപഗാനം...

പ്രണയികളുടെ പുലമ്പലുകള്‍...

വിരഹികളുടെ ഒറ്റക്കമ്പി തമ്പുരുവില്‍ പാഴ്ശ്രുതി...

പ്രതീക്ഷയുടെ പച്ചത്തുരുത്തിലേക്ക് പറന്നകലുന്ന പക്ഷിക്കൂട്ടം...

റസൂല്‍ നീ വരക്കുകയാണ്‍ നേര്‍ത്ത വര്‍ണങ്ങളില് ഒരു ശബ്ദ് വിപ്ലവം!

തമസ്സിന്റെ മര്‍മ്മരം

വെളിചത്തിന്റെ സീല്‍ക്കാരം

മനസ്സിന്റെ നിസ്സ്വനം

വേദനയുടെ നിശ്വാസം

വിരഹ വീചികള്‍

അനുരാഗ സ്പന്ദനം

ഒപ്പം...
അഭിനന്ദനത്തിന്റെ പ്രകമ്പനവും...

100കോടി 'Slum Dogs' ചെവിയോര്‍ക്കുകയാണ്‍!!!

kk/2008 feb 23

ഒടുക്കത്തെ ചിന്തകള്

നാളെ:

ഭാവിയിലേക്കുള്ള ചൂണ്ടു പലകകള്‍
തെറ്റായ വഴിയിലേക്കു കൈ ചൂണ്ടുന്നു!
നാളെയുടെ ശുഭയാത്രയ്ക്കു
കൊഴിഞ്ഞു വീണ ഇലകളും, സമയധൂളികളും മാത്രം സാക്ഷി!!

പുതിയ ചിത്രം:

പുതിയ ചായക്കൂട്ടുകളുടെ കൊഴുത്ത മിശ്രിതങള്‍
ഒരു കൈ തേടുന്നു...
ബ്രഷിന്റെ ആത്മാവ് ഊഷ്മളമായ 
ഓരൊ സ്ട്രോക്കുകളിലും പുനര്‍ജനിക്കുന്നു.

ഞാന്:

വിധിയെ പഴിച്ച്,
സ്വയം ന്യായങളുടെ വലകെട്ടി
സ്വയം വലിഞ്ഞു മുറുകുന്നു...
താക്കോലുകള്‍ തേടിയെത്തുമ്പോഴേക്കും
താഴില്‍ മുഖമമര്ത്തി അസ്വാതന്ത്ര്യത്തിന്റെ
പുതിയ ഗീതികള്‍ കുത്തികുറിക്കുന്നു!

നീ:

നെഞ്ചിലുറഞ്ഞു കൂടിയ ഘനശ്യാമം
പെയ്തൊഴിയാനിടം തേടുമ്പൊള്‍,
വിക്ഷുബ്ദ സാഗരത്തില്,
സാന്ദ്ര തമസ്സില്,
ദിക്കറിയാതലയുമ്പോള്
നീ, കരയിലൊരു ജ്വാലയ്ക്കു ജന്മം കൊടുക്കുക!
എന്റെ ഹൃയത്തിലേക്കൊരു മിന്നല്‍ പടര്ത്തുക

kk/2008 dec 31

പ്രതിഷേധത്തിന്റെ ഒരു ചീള്‍!!


ആയുസ്സെത്താതെ മരിച്ചുപോകുമെന്ന തിരിച്ചറിവുകൊണ്ടാകണം 
ഞങ്ങള്‍ ആത്മീയതയ്ക്കൊപ്പം ആത്മാര്‍ത്ഥതയും കുഴിച്ചു മൂടിയത്.

അലൗകിക സ്നേഹഗീതികള്‍ പാടിയിരുന്ന ഞങ്ങള്‍ 
ലൗകിക വിസ്മയങ്ങളിലേക്ക് ഊളിയിട്ടത്.

സഹിഷ്ണുതയുടെ ഞാറ്റടിപാടങ്ങളില്‍ നിന്നും 
അസഹിഷ്ണുതയോടെ ഉത്സവകാഴ്ച്ചകളിലേക്ക് മുഴുകുന്നത്.

പട്ടം പറപ്പിക്കുന്ന കുട്ടിയെപ്പോലെ ഞങ്ങളും ശഠിച്ചിരുന്നു 
പട്ടത്തിന്റെ നിയന്ത്രണം സ്വന്തം കയ്യിലാണെന്ന്.

ഞങ്ങളണിഞ്ഞിരുന്ന 'വിധേയമൗനം' സമ്പൂര്‍ണ്ണ സമ്മതമായും 
അച്ചടക്കത്തിന്റെ രജതരേഖയായും വാഴ്ത്തപ്പെട്ടു.

പക്ഷെ മൗനം...?
ചിലനേരങ്ങളില് അടക്കിയ ഒരു വിലാപമാകാം!
അല്ലെങ്കില്‍ നെന്‍ജിലൊതുക്കിയ പ്രതിഷേധത്തിന്റെ ഒരു ചീള്‍!!

നമുക്ക് നമ്മുടെ നാവുകൊണ്ട് ചിലച്ചു തുടങ്ങേണ്ടിയിരിക്കുന്നു...
കാരണം
എല്ലാരും ഭയപ്പെടുന്നതു നമ്മുടെ നാവിനെയത്രെ...
നാവിനെ മാത്രം.

kk/2008 mar 1

അക്ഷരം തിരിയാത്ത കവിത!

(മാനസിക വ്യാപാരങ്ങളാണ്‌ എല്ലാ കവിതകള്‍ക്കും ആധാരം 
'Psycho Poetry' ഒരു കറ്റഗറി ഒന്നുമല്ല എങ്കിലും.....)


മനസ്സിനഗാധതയിലുറവ കൊള്ളുന്നൊരീ 
വിചിത്രമാം സ്വപ്നത്തിന്‍ അര്‍ത്ഥമെന്ത്?
എന്നില്‍ വൈരവും, ഭ്രാന്തും വളര്ത്തി മുന്നില്‍ 
നിന്നോടി ഒളിപ്പിക്കും മിഥ്യയേത്?

ചിന്തകളില്‍, വികാരങ്ങളില്‍, ഉരുള്‍ പൊട്ടും തമസ്സിന്റെ 
പൊരുളെതെന്നറിയാതെ വ്യഥിതനായ് നില്ക്കുന്നു ഞാന്‍ !!!
സ്വയമാശ്വസിപ്പു ഞാന്‍ ;
മറഞ്ഞേക്കുമീ ചിത്തത്തിന്‍ മായിക, വിഭ്രമ, ചകിത ഭാവങ്ങള്‍

ചിലര്‍ക്കു ഞാന്‍ ഭ്രാന്തന്‍ !
ചിലര്‍ക്കു ഞാന്‍ യോഗി !!
വ്യത്യസ്ഥനായി ഞാന്‍ !!!

അറിയാം ആത്മഹത്യയൊരപരാധമെങ്കിലും, സമനില 
തെറ്റിയോരെന്നിലെ മനോരോഗി, മരണത്തെ പുല്‍കാന്‍ കൊതിച്ചു !
തമസ്സില്‍ ലയിക്കാന്‍ കൊതിച്ചു !!

ഓളങ്ങളില്‍ വിസ്ഫോടനം തീര്‍ത്തെന്റെ ചേതന; ഒടുവില്‍ 
വിഷാദ സാഗരത്തില്‍ വിലയം കൊള്ളുന്നുവോ?
തുഴയില്ലാ തോണിയില്‍ തുഴയുന്നുവോ, 
ഇരുളിനാഴങ്ങളില്‍ മുങ്ങുന്നുവോ?

അപ്പൊഴും ഉരുവിടുന്നു ഞാന്‍ - 
കാലമൊരുപക്ഷെ മായ്ക്കാം, തിരുത്താം, ഈ താളുകളില്‍ 
പടര്‍ന്നക്ഷരം തിരിയാത്ത കവിത!

kk/2008 dec 13

ഋതു

നീണ്ടു നില്‍ക്കുന്ന ഒരു ശിശിരകാലം 
പോലെ യൗവനം മരവിച്ച നാം! 
മൗനമനിഞ്ഞ ആവരണത്തിനുള്ളീലിരുന്ന് 
പൊയ്‌ പോയ വസന്തത്തെ സ്വപ്നം കാണുന്നു. 

വസന്തം കാത്തുനില്‍ക്കയാണ്‌, 
വാക്കുകളുടെ വാതില്‍ മൗനമുദ്രിതമായി കൊട്ടിയടച്ചിടുമ്പോള്‍ 
വസന്തം എങ്ങിനേ വന്നെത്താനാണ്‌? 

അഗ്നി പെയ്യുന്ന വാക്കുകള്‍ എടുത്തു വയ്ക്കുക... 
നമുക്കു പാടിത്തുടങ്ങാം; മരവിച്ച തൊണ്ടയില്‍ വിറയലുണ്ടെന്നാലും! 

ഒരു വാക്കും പടുവാക്കല്ല...ആഗ്നി ശലാകകളാക്കുക!! 

വേനലില്‍ വിളയും കടും വര്‍ണ്ണങ്ങളെ പെറുക്കി എടുക്കുക 
ചിത്ര തല്‍പത്തില്‍ ചൊരിയും വര്‍ണ്ണങ്ങളെ വെണ്‍ മഴച്ചാറില്‍ ചാലിക്കാം 
ഘനമേഘ പാളികള്‍ ഉരുക്കി പെയ്തൊഴിയുമ്പോള്‍
ഒരുപുത്തന്‍ചിത്രം രചിക്കാം.... 

ഓര്‍മകള്‍ മുദ്രകളാക്കാം, പത്മ വ്യൂഹത്തില്‍ ആശ്വാസമാക്കാം 
ഓര്‍മകളുടെ സുകൃതം കൂട്ടിനില്ലെങ്കില്‍ നാം 
എന്നേ അനാഥരായേനെ!!!!

                    

-kk/2008 dec 12

കവിത

കവിത പലര്‍ക്കും സ്വയം തിരിച്ചറിയാനുള്ള മാര്‍ഗ്ഗമാണ്‌ 
ഉറവിടങ്ങളിലേക്കുള്ള ഒരു മടക്കയാത്ര, 
ഉണര്‍ത്തപ്പെട്ട ഗൃഹാതുരത്വത്തിന്റെ ഗാഡമായ സ്മരണകള്‍. 

എല്ലാവരും എഴുതുന്നത്‌ 
അവരുടെ നല്ല വരികളാണ്‌, നല്ല പ്രതീക്ഷകളാണ്‌, സ്വപ്നങ്ങളാണ്‌ 
നന്മയുടെ, ആര്‍ദ്ദ്രതയുടെ ഉറവിടങ്ങള്‍ വറ്റാതിരിക്കട്ടെ.... 

അതിവേഗത്തില്‍ മൃഗമോ, യന്ത്രമോ ആയി മാറിപ്പോകുന്ന 
നമ്മുടെ ദുഷ്ടവര്‍ത്തമാനത്തോടാണു ഞാന്‍ കലഹിക്കുന്നത്‌ 

അസുഖകരമായ സത്യങ്ങള്‍ 'അവഗണിക്കാം' 
കണ്ണാടി എറിഞ്ഞുടക്കാം... 
പക്ഷെ.. 
മിക്കവാറും സ്വയം വിമര്‍ശനത്തോടെ നടത്തുന്ന 
ഈ ആത്മ നിവേദനങ്ങളില്‍ സത്യം ഒരു 

മഞ്ഞുതുള്ളിയായ്‌ തിളങ്ങിനില്‍ക്കും

kk/2008 nov 24